ടെൽ അവീവ്: അധിനിവേശ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരേ ഇസ്രയേലിനു മുന്നറിയിപ്പ് നൽകി അമേരിക്ക. വെസ്റ്റ് ബാങ്ക് പിടിച്ചെടുത്താൽ ഇസ്രയേലിനുള്ള യുഎസിന്റെ മുഴുവൻ പിന്തുണയും അവസാനിക്കുമെന്ന് ടൈം മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
ഇസ്രേലി നീക്കത്തിനെതിരേ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും രംഗത്തു വന്നു. വെസ്റ്റ് ബാങ്ക് പ്രദേശം കൂട്ടിച്ചേർക്കാനുള്ള ബില്ലിന് ഇസ്രയേൽ പാർലമെന്റ് പ്രാഥമിക അംഗീകാരം നൽകിയതിനു പിന്നാലെയാണ് അമേരി ക്കയുടെ പ്രതികരണം.വെസ്റ്റ് ബാങ്ക് ഇസ്രയേൽ പിടിച്ചെടുക്കില്ലെന്നതാണു ട്രംപ് ഭരണകൂടത്തിന്റെ നയമെന്നും അതു തുടരുമെന്നും ഇസ്രയേൽ സന്ദർശനം പൂർത്തിയാക്കി മടങ്ങവേ വാൻസ് വ്യക്തമാക്കി.
ഇസ്രയേൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നതിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പറഞ്ഞു. പലസ്തീനികൾ പ്രതീക്ഷിക്കുന്ന സ്വതന്ത്രരാജ്യത്തിന്റെ ഭാഗമായി അവകാശപ്പെടുന്ന പ്രദേശത്ത് ഇസ്രയേലി നിയമം ബാധകമാക്കുന്ന ബില്ലിന് ഇസ്രേലി പാർലമെന്റിലെ തീവ്ര വലതുപക്ഷ അംഗങ്ങളാണ് പ്രതീകാത്മകമായി പ്രാഥമിക അംഗീകാരം നൽകിയത്.
രാഷ്ട്രീയ നാടകമാണെങ്കിൽ വിഡ്ഢിത്തം നിറഞ്ഞ നാടകമായിരിക്കും ഇതെന്നാണു വാൻസ് പറഞ്ഞത്. അതേസമയം, ഭിന്നത വിതയ്ക്കാൻ പ്രതിപക്ഷം മനഃപൂർവം നടത്തിയ രാഷ്ട്രീയ പ്രകോപനമാണിതെന്ന് നെതന്യാഹു വിമർശിച്ചു.